Friday, July 2, 2010

ബ്രസീല്‍ വീണു .... ഹോളണ്ട് സെമിയില്‍


ലോകം... ചങ്കിടിപ്പോടെ കാത്തിരുന്ന ദിവസമിതാ... ബ്രസീല്‍ ലോകകപ്പിന്റെ ഫൈനല്‍ കാണാതെ പുറത്ത്. ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഹോളണ്ട് പന്ത്രണ്ട് വര്‍ഷത്തിനുശേഷം വീണ്ടും ലോകകപ്പിന്റെ സെമിഫൈനലില്‍.ഒരു സെല്‍ഫ് ഗോളും ഒരു ചുവപ്പു കാര്‍ഡും അടക്കം ദുര്‍വിധികളോട് പൊരുതിയ ബ്രസീലിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഡച്ച്പട അവിശ്വസനീയമാംവണ്ണം വീഴ്ത്തിയത്. ഉജ്വലമായി കളിയില്‍ ആധിപത്യം നേടുകയും കളിയുടെ തുടക്കത്തില്‍ തന്നെ മിന്നുന്നൊരു ഗോളിലൂടെ ലീഡ് നേടുകയും ചെയ്തശേഷമാണ് ബ്രസീല്‍ ഓറഞ്ചിന്റെ കുത്തൊഴുക്കില്‍ ഒഴുകിപ്പോയത്.ഡച്ച് ഡിഫന്‍ഡര്‍മാരുടെ അലസത മുതലാക്കി പത്താം മിനിറ്റില്‍ തന്നെ റോബീന്യോ ബ്രസീലിനെ മുന്നിലെത്തിച്ചു. ലീഡിന്റെ ആനുകൂല്യത്തില്‍ അവര്‍ കൂടുതല്‍ ഗോളുകള്‍ അടിച്ചുകൂട്ടുമെന്ന് കണക്കുകൂട്ടിയിരിക്കെ 53-ാം മിനിറ്റിലാണ് മഞ്ഞപ്പടയെ ഞെട്ടിച്ചുകൊണ്ട് സ്വന്തം ഡിഫന്‍ഡറുടെ തലയില്‍ നിന്ന് ഒരു ഗോള്‍ വീണത്. സ്‌നൈഡറുടെ ഒരു ലോബ് കുത്തിയകറ്റാന്‍ ഗോളിക്കൊപ്പം ചാടിയ ഫെലിപ്പെ മെലോവിന്റെ തലയില്‍ ഉരസിയ പന്ത് നേരെ വലയില്‍. ബ്രസീലെനെ ഞെട്ടിച്ചുകൊണ്ട്, ഹോളണ്ടിന്റെ പുതുജീവന്‍ പകര്‍ന്നുകൊണ്ട് മത്സരം സമനിലയില്‍.സമനിലഗോളോടെ താളം നഷ്ടപ്പെട്ട ബ്രസീലിനെ ഒരിക്കല്‍ക്കൂടി അപ്രതീക്ഷിതമായ ഹോളണ്ട് ഞെട്ടിച്ചു. 68-ാം മിനിറ്റില്‍ സ്‌നൈഡറാണ് സ്‌കോറര്‍. പ്ലേമേക്കര്‍ ആര്യന്‍ റോബന്റെ ഒരു മഴവില്‍ കോര്‍ണര്‍ ആദ്യം ക്യൂട്ട് ചെത്തി ബോക്‌സിലേയ്ക്കിട്ടു. കൃത്യമായി നിലയുറപ്പിച്ച വെസ്ലി സ്‌നൈഡര്‍ക്ക് പിഴച്ചില്ല. ഹെഡ്ഡര്‍ കടുകിട തെറ്റാതെ വലയില്‍.ലീഡ് വഴങ്ങേണ്ടിവന്നതോടെ ബ്രസീലിന്റെ കാലില്‍ നിന്നും കളി പൂര്‍ണമായി വഴുതി. പലപ്പോഴും ഗ്രൗണ്ടില്‍ ഇത് കൈവിട്ട കളികളിലേയ്ക്കും നയിച്ചു. അങ്ങനെ 73-ാം മിനിറ്റ് മുതല്‍ പത്തു പേരുമായി അവര്‍ക്ക് ശേഷിച്ച മത്സരം തിരിച്ചുപിടിക്കാന്‍ പൊരുതേണ്ടിയും വന്നു. ആര്യന്‍ റോബനെ ഫൗള്‍ ചെയ്തതിന് ചുവപ്പ് കാര്‍ഡ്കണ്ടു പുറത്തുപോകേണ്ടി വന്നത് സെല്‍ഫ് ഗോള്‍ വില്ലന്‍ ഫെലിപ്പെ മെലോ തന്നെ. ഈയൊരു ആഘാതം കൂടിയായതോടെ ബ്രസീലിന്റെ വിധി കുറിക്കപ്പെട്ടു.തുടര്‍ന്നും അവസരങ്ങള്‍ ലഭിച്ചത് ഹോളണ്ടിന് തന്നെയായിരുന്നു എന്നതാണ് രസകരം. വാന്‍പേഴ്‌സിയുടെം റോബന്റെയും സ്‌നൈഡറുടെയും അലസതയില്ലായിരുന്നെങ്കില്‍ രണ്ടു ഗോള്‍ കൂടി ഹോളണ്ട് ബ്രസീലിയന്‍ പോസ്റ്റില്‍ അടിക്കുമായിരുന്നു.വിരലിലെണ്ണാവുന്നു നീക്കങ്ങള്‍ മാത്രമായിരുന്നു പിന്നീട് ബ്രസീലിന്റെ കാലില്‍ നിന്നു പിറന്നത്. ഇതൊക്കെ വഴിതിരിച്ചുവിടാന്‍ ഡച്ച് പ്രതിരോധനിരയ്ക്ക് ഏറെയൊന്നും ആയാസപ്പെടേണ്ടിയും വന്നില്ല.പക്ഷേ, ഇത്രയും ക്രൂരമായൊരു വിധി ബ്രസീല്‍ അര്‍ഹിച്ചിരുന്നില്ല എന്നതാണ് വാസ്തവം. അത്രയ്ക്കും ആധികാരികമായരുന്നു കളിയുടെ തുടക്കത്തില്‍ അവര്‍ പുലര്‍ത്തിയ ആധിപത്യം. കക്ക-ഫാബിയാനോ-റോബീന്യോ-ഡാനി ആല്‍വെസ് കൂട്ടുകെട്ടിനെ എങ്ങനെ പൂട്ടണമെന്നറിയാതെ കുഴങ്ങുന്ന ഡച്ച് നിരയെയാണ് ആദ്യ പകുതിയുടെ മുക്കാല്‍ഭാഗത്തും കണ്ടത്. വെടിയുണ്ട കണക്കുള്ള മൈക്കണിന്റെ വേഗതയ്ക്ക് തടയിടാനുള്ള തടിമിടുക്കും അവര്‍ക്കുണ്ടായിരുന്നില്ല. ഈ അപകടാവസ്ഥകളില്‍ അവരെ രക്ഷിക്കാനുണ്ടായിരുന്നത് ഗോളി സ്‌റ്റെകെലന്‍ബര്‍ഗിന്റെ മിടുക്കാണ്. പ്രതിരോധനിരയുടെ ഈ പകപ്പ് മുതലാക്കിയാണ് റോബീന്യോ ഗോള്‍ വലയിലാക്കിയത്. മെലെ നല്‍കിയ ത്രൂപാസ് ഗോള്‍മുഖത്തേയ്ക്ക് നീങ്ങുമ്പോള്‍ മുഴുവന്‍ കളിക്കാരും നോക്കിനില്‍ക്കുകയായിരുന്നു. റോബീന്യോ ഇത് ഓടിപിടിക്കുകയും ഗോളിക്ക് ഒരവസരവും നല്‍കാതെ ചെത്തി നെറ്റിലിടുകയും ചെയ്തു. രണ്ട് മിനിറ്റ് മുന്‍പ് ഇതുപോലെ റോബീന്യോ തന്നെ വല ചലിപ്പിച്ചെങ്കിലും റഫറിയുടെ ഓഫ്‌സൈഡ് കൊടിയെ കണ്ണുവെട്ടിക്കാനായില്ല. ഇതൊന്നും പക്ഷേ, സ്‌റ്റെകെലന്‍ബര്‍ഗിന്റെ പിഴവായിരുന്നില്ല. ഈ അപകടങ്ങളത്രയും വരുത്തിവച്ചത് പ്രതിരോധനിരക്കാരായിരുന്നു. ആദ്യ പകുതിയില്‍ കക്ക 22 വാര അകലെ നിന്നെടുത്ത ഒരു ഷോട്ട് പറന്നുവീണ സ്‌റ്റെകെലന്‍ബര്‍ഗിന്റെ മിടുക്ക് കൊണ്ടുമാത്രമാണ് വഴിമാറിപ്പോയത്. ഉറുഗ്വായോ ഘാനയോ ആയിരിക്കും ചരിത്രത്തിലെ നാലാം സെമിയില്‍ ഹോളണ്ടിന്റെ എതിരാളികള്‍.

No comments:

Post a Comment